സ്വർഗ്ഗീയമായിരുന്നു കേരളം; ഇന്ന് വർഗ്ഗീയമാകുന്നു കേരളം [ലേഖനം]

സ്വർഗ്ഗീയമായിരുന്നു കേരളം; ഇന്ന് വർഗ്ഗീയമാകുന്നു കേരളം


ദൈവത്തിന്റെ സ്വന്തം നാട്....

കേൾക്കാൻ നല്ല സുഖമുണ്ട് അല്ലെ ? പക്ഷെ ശരിക്കും അങ്ങിനെയാണോ ഇന്ന് കേരളം? അല്ല എന്ന് നിസ്സംശയം പറയാം.

ഓരോ ദിവസവും കൂടുതൽ കൂടുതൽ വർഗ്ഗീയമായി മാറുകയാണ് നമ്മുടെ കൊച്ചു കേരളം. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാകുന്നു ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ്. 

സ്ഥാനാർഥി നിർണ്ണയം മുതൽ എക്സിറ്റ് പോൾ വരെ എല്ലായിടത്തും മുഖ്യ ഘടകം അഥവാ ചർച്ചാവിഷയം ജാതിയും മതവും ഒക്കെ തന്നെ. അല്ലെ ?

മുന്നണികൾ സ്ഥാനാർഥികളെ തീരുമാനിക്കുന്നത് മണ്ഡലത്തിലെ സമുദായബലം നോക്കി. സ്ഥാനാർഥികൾ ആദ്യം ചെയ്യുന്നത് മത-സമുദായ നേതാക്കളുടെ കാൽക്കൽ വീണ് അനുഗ്രഹം വാങ്ങുക (ഒളിഞ്ഞും തെളിഞ്ഞും). പിന്നെ രാഷ്ട്രീയ പാർട്ടികളുടെ, ജാതിയും മതവും സമുദായവും തിരിച്ചുള്ള രഹസ്യ ചർച്ചകളും വിശകലനങ്ങളും കർമ്മപരിപാടികളും.

ചാനലുകളിൽ വിശദമായ ചർച്ചകളും സർവ്വേകളും. അവയുടെ മുഖ്യവിഷയമോ? 

ഹിന്ദുക്കൾ ആർക്ക് വോട്ടു ചെയ്യും? മുസ്ലിംകൾ ഇത്തവണ ആരുടെ കൂടെ? കൃസ്ത്യാനികൾ ആരെ തുണക്കും? എന്നതു തന്നെ. മണിക്കൂറുകൾ അങ്ങനെ ചർച്ച ചെയ്തു കഴിഞ്ഞാൽ പിന്നെ നേരെ അടുത്ത ഘട്ടത്തിലേക്ക്.
-------
ഹിന്ദുക്കളിൽ ഈഴവർ ആരെ പിന്തുണക്കും? നായർ സമുദായം ആരുടെ കൂടെ? നമ്പൂതിരിമാർ ഇടത്തേക്കോ വലത്തേക്കോ? പിന്നോക്കജാതിക്കാർ ആരുടെ കൂടെ?

ക്രിസ്ത്യാനികളിൽ ലത്തീൻ സമുദായം ആരെ തുണക്കും? റോമൻ കത്തോലിക്കർ ഇത്തവണ എങ്ങോട്ട് തിരിയും? സിറിയൻ കത്തോലിക്കർ മാറി ചിന്തിക്കുമോ? പരിവർത്തിത ക്രൈസ്തവർ ഇടത്തേക്കോ വലത്തേക്കോ?

മുസ്ലിംങ്ങളിൽ സുന്നികൾ ആരുടെ കൂടെ? ബാക്കിയുള്ളവർ പഴയ നിലപാട് തന്നെ തുടരുമോ ?

സ്വന്തം ചാനലിന്റെ സ്ഥാപിത താല്പര്യത്തിനു അനുസരിച്ചു അവതാരകൻ ഇത്തരത്തിൽ ചർച്ചകളെ മുന്നോട്ടു കൊണ്ട് പോകുന്നതു മനസിലാക്കാം, കാരണം അതവരുടെ കച്ചവട താല്പര്യം.

പക്ഷെ, അതിനൊപ്പിച്ചു തൊള്ളതുറക്കുന്ന ഇവിടുത്തെ രാഷ്ട്രീയ പാർട്ടികളുടെ വക്താക്കളോ? അവർക്ക് ആരോടാണ് കടപ്പാട്? ഈ നാട്ടിലെ ജനങ്ങളോടോ? ഈ നാടിനോടോ? അതോ മേല്പ്പറഞ്ഞ ചാനലുകളോടോ ?

കൂടുതൽ നീട്ടുന്നില്ല. നിങ്ങൾ സ്വയം ഒരു വിശകലനം നടത്തി നോക്കൂ. അപ്പോൾ കാണാം നാം അറിയാതെ നമ്മുടെ ഈ കൊച്ചുകേരളസമൂഹത്തിൽ, മുൻപെങ്ങുമില്ലാത്ത വിധം, വർഗീയതയും ജാതീയതയും ആഴത്തിൽ വേരോടുന്നത്. 

ഉണരുക ഇപ്പോൾ. അല്ലെങ്കിൽ ഉണരേണ്ടി വരില്ല.

==============

ഒരു അനുബന്ധ കഥ:

ഒരു വലിയ കൂട്ടുകുടുംബം. എല്ലാത്തിനെയും നിയന്ത്രിക്കുന്ന വീട്ടുകാരണവർ. മക്കളും അവരുടെ മക്കളും ചെറുമക്കളും ഒക്കെയായി അങ്ങിനെ സന്തോഷമായി കഴിഞ്ഞു പോന്നു.

ആ വീട്ടിൽ അവർ കുറെ പൂവൻ കോഴികളെ വളർത്തിയിരുന്നു. നല്ല കൊഴുത്ത, ഭംഗിയുള്ള കോഴികൾ. അവ അങ്ങിനെ കൊത്തിപ്പെറുക്കി നടക്കുന്നത് കാണുന്നതു തന്നെ ഒരു അഴകായിരുന്നു. 

പിന്നീട് കാരണവർ തന്റെ രീതികളിൽ ചില മാറ്റങ്ങൾ വരുത്തി. 
ദിവസേന ഓരോ പൂവൻ കോഴിയെ ഓടിച്ചിട്ട് പിടിക്കും. മക്കളുടെയും കൊച്ചു മക്കളുടെയും മുൻപിൽ വച്ചു തന്നെ അതിന്റെ കഴുത്തറക്കും. പപ്പും തൂവലും കളയും. പിന്നെ വെട്ടിനുറുക്കി ഉപ്പും മസാലയും ചേർത്തു വെളിച്ചെണ്ണയിൽ നന്നായി വറുക്കും. എന്നിട്ട്, എല്ലാവരും കൂടി തീന്മേശയിൽ വച്ച് അതെല്ലാം സ്വാദോടെ കഴിക്കും.

എല്ലാം കഴിഞ്ഞു ഒരു ഏമ്പക്കവും വിട്ടു, വീട്ടുവരാന്തയിൽ ഉലാത്തുമ്പോൾ കാരണവർ തന്റെ മക്കളെയും ചെറുമക്കളെയും അടുത്തേക്ക് വിളിക്കുകയായി. പിന്നെയാണ് സാരോപദേശം. 

പൂമുഖപ്പടിയിൽ തൂക്കിയിരിക്കുന്ന ആ ബോർഡിലേക്ക് ആദ്യം വിരൽ ചൂണ്ടും "ഇത് ദൈവത്തിന്റെ സ്വന്തം വീട്" പിന്നെ തുടരും "... നോക്കൂ, നമ്മൾ സഹജീവികളോട് കരുണയുള്ളവരായിരിക്കണം. ഒന്നിനെയും കൊല്ലരുത്. അതാണ്‌ നമ്മുടെ ഈ വീടിന്റെ ഐശ്വര്യം....." 

എല്ലാവരും തലകുലുക്കി സമ്മതിക്കും. (ഉള്ളിൽ ഒരു ചിരിയോടെ ?)

പക്ഷെ, പിറ്റേന്ന് വീണ്ടും ?




Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]