പെരുകുന്ന പീഡനങ്ങൾ, കരയുന്ന പെൺകിടാങ്ങൾ ...! [ലേഖനം]

പെരുകുന്ന പീഡനങ്ങൾ, കരയുന്ന പെൺകിടാങ്ങൾ ...!


1. ഞാനൊരു കഥ പറയാം.

ഒരിടത്ത് ഒരു പാവം പെൺകുട്ടിയുണ്ടായിരുന്നു. എല്ലുമുറിയെ പണിയെടുത്ത് അവൾ ഒരുപാടു സമ്പാദിച്ചു. അതെല്ലാം സ്വന്തമായി സൂക്ഷിച്ചു.
ഒരു ദിവസം അവൾ തന്റെ കൂട്ടുകാരിയെ വിളിക്കവേ നമ്പർ തെറ്റി മറ്റേതോ ഫോണിലേക്ക് കാൾ പോയി. ഭാഗ്യമോ നിർഭാഗ്യമോ, അങ്ങേ തലക്കൽ ഒരു പുരുഷശബ്ദം. ഉടൻ അവൾ കാൾ കട്ട്‌ ചെയ്തു.

എന്നാൽ അതൊരു തുടക്കമായിരുന്നു. അയാൾ അവളെ തിരിച്ചു വിളിച്ചു. പതിയെ അതൊരു പതിവായി മാറി. പരസ്പരം കാണാതെ അവർ സ്നേഹത്തിലുമായി. അവൻ അവളെ ഫേസ്ബുക്കിൽ 'ആഡ്' ചെയ്തു പകരം അവൾ അവനെ 'വാട്സാപ്പി'ൽ 'ആഡ്' ചെയ്തു.

അവൻ അവളോടു പറഞ്ഞ പേര് X എന്നായിരുന്നു, അവൾ അവനു Y ഉം. ആ പേരുകൾ യഥാർത്ഥമാണെന്ന് അവർ പരസ്പരം വിശ്വസിച്ചു.

കൂടുതൽ അടുത്തപ്പോൾ അവൻ പറഞ്ഞു, അവൻ ഒരു ബാങ്ക് മാനേജർ ആണെന്ന്. അപ്പോൾ അവൾ പറഞ്ഞു അവളുടെ പക്കൽഒരുപാടു പണവും സ്വർണ്ണവും ഉണ്ട് എന്ന്. മറ്റൊരു ബാങ്കും നല്കാത്ത കനത്ത പലിശ അവൻ അവൾക്കു ഓഫർ ചെയ്തു. അവൾക്കവനെ അത്ര വിശ്വാസമായിരുന്നു അതിനാൽ  അവന്റെ ഓഫർ സ്വീകരിച്ചു. 

അടുത്ത ദിവസം അവർ ടൗണിലെ ഹോട്ടലിൽ കണ്ടുമുട്ടാമെന്നു തീരുമാനിച്ചു. അവരുടെ ആദ്യത്തെ കണ്ടു മുട്ടൽ. ആ ഹോട്ടൽ മുറിയിൽ വച്ച് അവൾ അവളുടെ വിലപ്പെട്ടതെല്ലാം അവനു കൈമാറി. അവൻ അതെല്ലാം സസന്തോഷം കൈപ്പറ്റുകയും ചെയ്തു. 

പക്ഷെ പിറ്റേന്ന് മുതൽ അവനെ ഫേസ്ബുക്കിൽ കാണാതായി, വാട്സാപ്പി ലും. പേടിച്ചു പോയ അവൾ അവനെ മൊബൈലിൽ വിളിച്ചു എന്നാൽ അത് സ്വിച്ച് ഓഫ്‌ ആയി രുന്നു.

താൻ ചതിക്കപ്പെട്ടു എന്നവൾ തിരിച്ചറിയുകയായിരുന്നു.

************
ഹോ...എന്തൊരു അറുബോറൻ കഥ. അതല്ലേ നിങ്ങൾ ഇപ്പോൾ ചിന്തിച്ചത് ? ഫേസ്ബുക്ക്‌ ഭാഷയിൽ പറഞ്ഞാൽ  'മഹാ വെറുപ്പിക്കൽ' അല്ലെ? ജീവിതവുമായി യാതൊരു ബന്ധവും ഇല്ലാത്ത വെറും ചവറുകഥ.

അഴകിയ രാവണനിലെ അംബുജാക്ഷന്റെ കഥ ഇതിലും എത്രയോ ഭേദം?

സദയം ക്ഷമിക്കുക; എന്നിട്ട് തുടർന്നു വായിക്കുക.
************

2. ഇനി ഞാനൊരു യഥാർത്ഥ സംഭവം പറയാം.

തിരുവനന്തപുരത്തിനടുത്തുള്ള ഗ്രാമത്തിലെ ഒരു കോളേജ് വിദ്യാർഥിനി. കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയും അവളിലായിരുന്നു.

ഒരു ദിവസം കൂട്ടുകാരിയെ വിളിച്ചപ്പോൾ നമ്പർ തെറ്റി മറ്റൊരു നമ്പറിൽ കാൾ പോയി. തെറ്റ് മനസിലാക്കി ഉടൻ കട്ട്‌ ചെയ്യുകയും ചെയ്തു. പക്ഷെ, അതേ നമ്പറിൽ നിന്നും ഒരു യുവാവ് അവളെ പതിവായി തിരിച്ചു വിളിച്ചു.
തമ്മിൽ ഒന്നു കാണുകപോലും ചെയ്യാതെ അവർ സ്നേഹത്തിലാകുന്നു.

അയാൾ തന്റെ കൂട്ടുകാരെയും അവൾക്കു പരിചയപ്പെടുത്തുന്നു. ഒരു ദിവസം അവൾ അവനെ കാണാൻ ട്രെയിനിൽ വർക്കലയിൽ എത്തുന്നു. അവനും കൂട്ടുകാരനും ഓട്ടോയുമായി കാത്തു നിന്നിരുന്നു. പലയിടത്തും കറങ്ങി അവർ അവസാനം വിജനമായ റോഡിൽ എത്തുന്നു. ഓട്ടോയിൽ വച്ച് കാമുകൻ അവളെ ക്രൂരമായി പീഡിപ്പിക്കുന്നു. അടുത്തത് കൂട്ടുകാരന്റെ ഊഴം.
തിരികെ വരുന്ന വഴി മൂന്നാമത്തെ കൂട്ടുകാരനും ഓട്ടോയിൽ കയറുന്നു. പീഡനം ആവർത്തിക്കുന്നു.

എല്ലാം തകർന്ന ആ പെൺകുട്ടി അപസ്മാര ബാധിതയായി നിലവിളിക്കുന്നു. ഓടിക്കൂടിയ നാട്ടുകാരെ കണ്ടപ്പോൾ പെൺകുട്ടിയേയും ഓട്ടോയേയും ഉപേക്ഷിച്ചു മൂന്നു യുവാക്കളും ഓടി രക്ഷപെടുന്നു.

പിറ്റേന്ന് തന്നെ മൂന്നുപേരെയും പോലീസ്  പിടിക്കുന്നു. അപ്പോളാണ് അറിയുന്നത് മൂന്നുപേരും പെൺകുട്ടിയെ പരിചയപ്പെട്ടിരുന്നത് കള്ളപ്പേരിൽ ആയിരുന്നു എന്ന്.

[സാംസ്കാരിക കേരളമേ ലജ്ജിച്ചു തല താഴ്ത്തൂ....!!]

*******
ഇനി പറയൂ,

നമ്മൾ ആദ്യം പറഞ്ഞ ആ കഥക്ക് 'ജീവിത'വുമായി ഒരു ബന്ധവും ഇല്ലേ ?

ആദ്യം പറഞ്ഞ കഥയാണോ രണ്ടാമത് പറഞ്ഞ സംഭവം ആണോ തീർത്തും അവിശ്വസനീയമായത്  ?

***************

ഇനി, അതല്ല നാം ഇവിടെ ചർച്ച ചെയ്യുന്നത്.

ആരാണ് നമുക്ക് മുന്നിൽ നടന്ന രണ്ടാമത്തെ സംഭവത്തിൽ കുറ്റക്കാർ ?

ഒന്നും നോക്കാതെ, കാമുകന്റെയും കൂട്ടുകാരുടെയും കൂടെ ഇറങ്ങി പുറപ്പെട്ട ആ പെണ്കുട്ടിയോ ?

അബദ്ധത്തിൽ വന്ന ഒരു മിസ്ട്  കോളിന്റെ ചുവടുപിടിച്ചു അവളെ ചതിച്ച കാമുകനോ ?

ഒരു പെൺകുട്ടി കൂട്ടുകാരന്റെ വലയിൽ വീണു എന്നറിഞ്ഞപ്പോൾ പങ്കു നുണയാൻ ഓടിയെത്തിയ കൂട്ടുകാരോ ?

മൊബൈയിലിന്റെയും ഫേസ്ബുക്കിന്റെയുമൊക്കെ അമിതോപയോഗത്താൽ ഇത്തരം അവസ്ഥയിലേക്ക് പതിച്ച നമ്മുടെ സമൂഹമോ ?

ഓർക്കുക, വലിയ സാംസ്കാരിക പ്രബുദ്ധത വിളിച്ചു പറയുന്ന നമ്മുടെ സ്വന്തം കേരളത്തിൽ ആണ് പട്ടാപ്പകൽ ഈ സംഭവം നടന്നത്. കഷ്ടം.

[ഇതിനിടയിൽ നിങ്ങൾക്ക് മറ്റൊരു ചോദ്യം ഉണ്ടാകും അല്ലെ? ഈ നാട്ടിലെ പോലീസുകാർ ഇതൊന്നും കാണുന്നില്ലേ എന്ന് ?

പക്ഷെ ഒന്നോർത്തു നോക്കൂ. ഈ ഓട്ടോറിക്ഷ പീഡനം നടക്കുന്നതിനു മുൻപ് ഏതെങ്കിലും പാവം പോലീസുകാർ തടഞ്ഞു നിർത്തിയിരുന്നെങ്കിലോ ? അത് "ആൺ-പെൺ സഞ്ചാരസ്വാതന്ത്ര്യ-ധ്വംസനം" ആകുമായിരുന്നില്ലേ ?


കുറെയധികം സംഘടനകൾ അതേറ്റെടുക്കുമായിരുന്നു. നമ്മുടെ പല ചാനലുകളും അത് 'രാത്രി-ചർച്ച' ക്ക് ചൂടേറിയ വിഷയവുമാക്കുമായിരുന്നു. അല്ലെ ? പിറ്റേന്ന് ആ പോലീസുകാർക്ക് സസ്പെന്ഷനും]


ഉറക്കെ ചിന്തിക്കുക, ഇനിയെങ്കിലും. അല്ലെങ്കിൽ പിന്നീട് ഒരവസരം കിട്ടിയെന്നു വരില്ല.

ഓരോ ദിവസത്തെയും ദിനപത്രങ്ങൾ നോക്കുക.

 --> വിവാഹ വാഗ്ദാനം നല്കി രണ്ടു വർഷത്തോളം യുവതിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ.

--> മൊബൈൽ വഴി പരിചയപ്പെട്ട യുവാവ് യുവതിയെ പീഡിപ്പിച്ചു

--> മൊബൈൽ പ്രണയം: വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു.

പക്ഷെ, ഒരു സംശയം മാത്രം. ഈ വാർത്തകളൊന്നും നമ്മുടെ പെൺകുട്ടികൾ വായിക്കാറില്ലേ ?

 ഉണ്ടെങ്കിൽ, എങ്ങിനെയാണ് അവർ വീണ്ടും വീണ്ടും ഇത്തരം ചതിക്കുഴികളിൽ വീഴുന്നത് ?

എവിടെ നിന്നെങ്കിലും ഒരു മിസ്ട്  കാൾ വന്നാൽ തകരുന്നതാണോ നമ്മുടെ പെൺകുട്ടികളുടെ സ്വയംപ്രതിരോധം? അഥവാ കരുതൽ ?

വിദ്യാഭ്യാസപരവും സാംസ്കാരികപരവുമായി നമ്മൾ ഇത്ര പുരോഗമിച്ചിട്ടും, ദൃശ്യ-ശ്രവ്യ-അച്ചടി മാധ്യമങ്ങളിൽകൂടി ഇത്തരം വാർത്തകൾ ദിവസേന കണ്ടുമടുത്തിട്ടും പിന്നെയും കൂടുതൽ കൂടുതൽ പെൺകുട്ടികൾ എങ്ങിനെയാണ് ഇക്കൂട്ടരുടെ വലയിൽ അകപ്പെടുന്നത് ?

ആരെങ്കിലും വെറുതെ ഒരു വിവാഹ വാഗ്ദാനം നൽകിയാൽ അതങ്ങ് കണ്ണുമടച്ചു വിശ്വസിച്ചു , തനിക്കുള്ളതെല്ലാം അയാൾക്ക്‌ മുന്നിൽ അടിയറ വയ്ക്കുന്നതാണോ മലയാളിപ്പെണ്ണിന്റെ, ആ തന്റേടം ?

എന്താണിതിനൊരു പ്രതിവിധി ?

പീഡനകേസുകളിലെ ശിക്ഷ എത്ര തന്നെ കർശനമാക്കിയാലും ഇത്തരം സംഭവങ്ങൾ കുറയുമെന്ന് തോന്നുന്നില്ല. മറിച്ച് നമ്മുടെ പെൺകുട്ടികളും സമൂഹവും കൂടുതൽ ജാഗ്രത പാലിക്കുകയാണ് വേണ്ടത്.

1. മിസ്ഡ് കാളുകളിൽ നിന്നും ഉടലെടുക്കുന്ന  സൗഹൃദങ്ങൾ കഴിയുന്നതും ഒഴിവാക്കുക.

2. മൊബൈൽ വഴിയുള്ള പ്രേമബന്ധങ്ങളിൽ പെടാതെ സൂക്ഷിക്കുക. അഥവാ അത്തരം ശല്യപ്പെടുത്തൽ മൊബൈൽ വഴിയുണ്ടായാൽ ആദ്യം വീട്ടിലെ മുതിർന്നവരുടെ സഹായം തേടുക. എന്നിട്ടും തുടർന്നാൽ സൈബർ പോലീസിന്റെ സഹായം തേടുക.

3. മൊബൈലിൽ ആകട്ടെ നേരിട്ടാകട്ടെ നിങ്ങളുടെ കാമുകൻ 'അരുതാത്ത' ബന്ധങ്ങൾക്ക് നിർബന്ധിച്ചാൽ 'പറ്റില്ല' എന്ന് തീർത്ത് പറയാനുള്ള ആർജ്ജവം കാണിക്കുക. പിന്നെയും ആവർത്തിച്ചാൽ 'ഇതു മാത്രമാണ് നിന്റെ ഉദ്ദേശമെങ്കിൽ നിന്നെ എനിക്കാവശ്യമില്ല" എന്ന് പറയാനുള്ള തന്റേടം കാണിക്കുക.

4. സ്വന്തം കാമുകനോ കൂട്ടുകാരോ നിർബന്ധിച്ചാൽ പോലും സഭ്യതയുടെ അതിരുകൾ മറികടക്കുന്ന ഫോട്ടോസ് (സെൽഫിക്കും ബാധകം), സോഷ്യൽ മീഡിയയിൽ ഇടാതിരിക്കുക. ഓർക്കുക ഇത്തരം സോഷ്യൽ മീഡിയകൾ ഒരു പബ്ലിക്‌ സ്പേസ് ആണ്. [വേണമെങ്കിൽ ഇത്തരം ചിത്രങ്ങൾ എടുക്കാൻ നിങ്ങൾക്കും പങ്കാളിക്കും വിവാഹശേഷം ഇഷ്ടം പോലെ സമയമുണ്ടല്ലോ ? സ്വാതന്ത്ര്യവും]

5. "എനിക്കാരുടെയും ഉപദേശം ആവശ്യമില്ല. എനിക്കെന്നെ സംരക്ഷിക്കാൻ അറിയാം" എന്ന 'അമിത' ആത്മവിശ്വാസം നല്ലതല്ല. ആവശ്യമായ മുൻകരുതൽ എപ്പോഴും നല്ലതാണ്.

6. ദിവസവും പത്രവാർത്തകൾ ശ്രദ്ധിക്കുക. പീഡനവാർത്തകൾ കണ്ടു പേടിക്കാനല്ല, മറിച്ചു ഇത്തരം ഒരു സമൂഹത്തിൽ ആണ് താൻ ജീവിക്കുന്നത് എന്ന തിരിച്ചറിവുണ്ടാകാൻ;  അതുവഴി ആത്മധൈര്യം സംഭരിക്കാൻ,

7. സ്വന്തം സൗഹൃദങ്ങൾ മാതാപിതാക്കളിൽ ഒരാളോടെങ്കിലും തുറന്നു പറയുവാനുള്ള സ്വാതന്ത്ര്യവും അടുപ്പവും ഉണ്ടാവുക.

8. വളരെ അടുപ്പമുള്ള കൂട്ടുകാരുടെ വീടുകളിൽ (മറ്റു കൂട്ടുകാരോടൊപ്പം മാത്രം) സൗഹൃദ സന്ദർശനം നടത്തുക. കള്ളപ്പേരിലും വിലാസത്തിലും നിങ്ങളെ സമീപിക്കുന്ന 'വ്യാജ' കൂട്ടുകാരെ തിരിച്ചറിയാൻ അത് സഹായിക്കും. ഇനി യഥാർത്ഥ കൂട്ടുകാരൻ ആണെങ്കിലോ? അയാളുടെ കുടുംബാഗങ്ങളെ പരിചയപ്പെടുകയുമാവാം.

9. ഓർക്കുക മൊബൈലിനെ ഒരിക്കലും 'ഉത്തമ സുഹൃത്തായി' കാണാതിരിക്കുക. നിങ്ങൾ പറയുന്ന വഴികളിൽ നിങ്ങളെ നയിക്കുന്ന വെറും ഒരു 'സ്മാർട്ട്‌' ഉപകരണം മാത്രമാണ് നിങ്ങളുടെ മൊബൈൽ. ഉത്തമ സുഹൃത്തിനെ നിങ്ങളുടെ കൂട്ടുകാർക്കിടയിൽ നിന്നും നിങ്ങൾ കണ്ടെത്തുക.

ഇനിയും എത്രയോ നിർദേശങ്ങൾ ഇങ്ങനെ എഴുതി നിറയ്ക്കാം ? പക്ഷെ, അതിൽ അല്ലല്ലോ കാര്യം. നമ്മുടെ പെൺകുട്ടികൾ സ്വയം സുരക്ഷിതർ ആകുന്നതിൽ അല്ലെ ?

****************

പിൻകുറിപ്പ്: നമ്മുടെ പെൺകുട്ടികളുടെ സ്വാതന്ത്ര്യത്തിലോ, അവരുടെ അവകാശങ്ങളിലോ, സഞ്ചാര-സ്വാതന്ത്ര്യത്തിലോ ഒന്നുമുള്ള ഒരു കടന്നു കയറ്റമായി ഈ ലേഖനത്തെ ദയവായി കാണരുത്.

എന്നും പീഡന വാർത്തകൾ കൊണ്ട് നിറഞ്ഞ നമ്മുടെ ദിനപത്രങ്ങൾ കണ്ടു മടുത്ത (അല്ലെങ്കിൽ ഭയന്ന) ഒരു പാവം കേരളീയന്റെ വേദനിക്കുന്ന ചിന്തകളായി മാത്രം ഇതിനെ കാണുക.

ഓരോ പെൺകുട്ടിയും സ്വയം കരുതൽ എടുക്കുക. നിങ്ങളെ സംരക്ഷിക്കാൻ നിങ്ങൾ മാത്രം .....!!
=====================


















Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]